“പ്രിയപ്പെട്ട..... എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ”- ഋഷിരാജ് സിംഗ്. ഒരു എട്ടാംക്ലാസ് വിദ്യാർഥിക്ക് എന്റെ പുസ്തകം സമ്മാനമായി നല്കിക്കൊണ്ട് ഞാനിങ്ങനെ എഴുതി. ശേഷം അതു വായിക്കാൻ പറഞ്ഞപ്പോൾ വിദ്യാർഥി പറഞ്ഞത് “സർ എനിക്കു മലയാളം അത്ര വശമില്ല, ഞാൻ വൈകുന്നേരം വീട്ടിലെത്തിയശേഷം അമ്മയെക്കൊണ്ട് വായിപ്പിക്കാം” എന്നാണ്. കേരളത്തിലെ മിക്കവാറും സ്കൂളുകളിലെ സ്ഥിതി ഇതിൽനിന്നു വിഭിന്നമല്ല.
ഞാൻ പോയിട്ടുള്ള എണ്ണായിരത്തിലധികം സ്കൂളുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി കുട്ടികളോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; “കേരളത്തിലെ മന്ത്രിമാരിൽ എത്ര വനിതകളുണ്ട്” എന്ന്. പതിനായിരക്കണക്കിനു കുട്ടികൾ ഉത്തരമില്ലാതെ മിഴിച്ചിരിക്കുന്നതു കാണുമ്പോൾ വല്ലാത്ത വിഷമം തോന്നിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ നമുക്ക് ഉത്തരങ്ങളില്ലാതെ പോകുന്നു.
വർഷംതോറും നടക്കുന്ന യുപിഎസ്സി പോലുള്ള പരീക്ഷകളുടെ കണക്കെടുക്കുക. അവിടെ വിജയിക്കുന്ന നാനൂറോളം കുട്ടികളിൽ അമ്പതിൽ താഴെ മാത്രമായി മലയാളി മക്കൾ ചുരുങ്ങിപ്പോകുന്നു. കഴിഞ്ഞ പതിനഞ്ചു വർഷമായി ഈ സ്ഥിതിതന്നെ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇന്ത്യൻ സേനയിലും സ്ഥിതി വ്യത്യസ്തമല്ല. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ജവാനായിട്ടും ഓഫീസറായിട്ടും കൂടുതൽ സൈനികരെ അയയ്ക്കുന്നത് കേരളമായിരുന്നു. അവിടെയും നമ്മൾ ഒരുപാടു പിന്നിലായി.
നിശ്ചയമായും നമ്മൾ പഠിക്കേണ്ട ഒരു വിഷയമാണിത്. ആറായിരത്തോളം വിദ്യാലയങ്ങളിലെ അധ്യാപകരുമായും വിദ്യാർഥികളുമായും രക്ഷാകർത്താക്കളുമായും ആശയവിനിമയം നടത്തിയ ഞാൻ ഈ വിഷയം ആഴത്തിൽ പഠിച്ചപ്പോഴാണ് ചില വസ്തുതകൾ മനസിലാക്കിയത്.
മികച്ച മലയാള, ഇംഗ്ലീഷ് വിദ്യാഭ്യാസം കേരളത്തിൽ നല്കുന്നുണ്ടെങ്കിലും ഒഴുക്കോടെ സംസാരിക്കാനുള്ള പരിശീലനം അവർക്ക് എവിടെയും നല്കുന്നില്ല. അറിവുണ്ടായിട്ടും ഭാഷ പറയാനാകാത്ത അവസ്ഥ. ഓപ്ഷണൽ വിഷയങ്ങൾ എ പ്ലസ് മാർക്കോടെ എങ്ങനെയെങ്കിലും വിജയിച്ചാൽ മതി എന്ന അവസ്ഥയിലേക്ക് വിദ്യാഭ്യാസം എത്തിനില്ക്കുന്നു. ഈ എ പ്ലസിന്റെ പുറകെയുള്ള ഓട്ടം കണ്ടാൽ യുജിസി പോലുള്ള സംവിധാനങ്ങൾ ദേശീയാടിസ്ഥാനത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷകളിൽ മികവാണ് അഡ്മിഷന് ആധാരമെന്ന കാര്യം രക്ഷിതാക്കൾ ഇതേവരെ അറിഞ്ഞിട്ടില്ലേ എന്നു തോന്നിപ്പോകും.
ഭാഷാപരിജ്ഞാനമില്ലായ്മ മലയാളിയെ യുപിഎസ്സി പോലുള്ള ഓൾ ഇന്ത്യാ ലെവൽ പരീക്ഷകളിൽ പിന്നോട്ടടിക്കുന്നുവെന്നത് ഞെട്ടലോടെയാണെങ്കിലും നമ്മൾ കേട്ടേ മതിയാവൂ. പരീക്ഷകളിൽ തോറ്റ വിദ്യാർഥികളിൽ ചിലർ എന്നോട് ഈ വിഷമം പങ്കുവച്ചിട്ടുണ്ട്.
കേരളത്തിൽ ഞാൻ പോയ ഒരു സ്കൂളിലും ആരും ഇംഗ്ലീഷിൽ സംസാരിക്കുന്നതു കണ്ടിട്ടില്ല. ഇംഗ്ലീഷ് പീരീഡിലോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലോ പോലും ആരും ഇംഗ്ലീഷിൽ സംസാരിക്കുന്നില്ല. എവിടെയും ഒരുതരം മംഗ്ലീഷ് സംസ്കാരം മാത്രം!
പരിഹാരമെന്ത്?
ചില സ്കൂളുകൾ സ്പോക്കൺ ഇംഗ്ലീഷിനായി പിരീഡ് നീക്കിവച്ചത് ആശാസ്യമാണ്. ചില സ്കൂളുകൾ പിടിഎയുമായി ആലോചിച്ച് വിദ്യാർഥികളെ അരമണിക്കൂർ മുമ്പ് സ്കൂളിലെത്തിച്ച് മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പ്രത്യേകം ക്ലാസുകൾ നല്കുന്നു. അവർ നന്നായി ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അധ്യാപകർ ഒരുദിവസം അഞ്ചോ പത്തോ മിനിറ്റ് ഭാഷാ പ്രാവീണ്യം നല്കിയാൽ ഈ അവസ്ഥ മറികടക്കാനാവും.
ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവില്ലായ്മയാണ് നമ്മുടെ കുട്ടികളെ യുപിഎസ്സി പരീക്ഷയിൽ പിന്നിലാക്കുന്നത്. മോക്ക് ഇന്റർവ്യൂവിൽ കുട്ടികൾ പറയുന്നത് ജീവിതത്തിൽ ആദ്യമായിട്ടാണ് അഞ്ചാളുകളുടെ മുമ്പിൽ ഇംഗ്ലീഷ് പറയുന്നത്. അതുകൊണ്ട് തെറ്റിപ്പോകുന്നുവെന്നാണ്.
മലയാളം നന്നായി സംസാരിക്കാത്തതിനാൽ അവിടെയും പിന്നിലാവുന്നു. നിലവിൽ ആകെ വിജയിക്കുന്ന പത്തു ശതമാനമെന്നത് വർധിപ്പിക്കണമെങ്കിൽ യുപി തലം മുതൽതന്നെ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ് സ്പോക്കൺ ക്ലാസുകൾ നല്കണം.
സൈനിക പരീക്ഷകളിൽ കുട്ടികൾ വിജയിക്കാത്തതിനു പ്രധാന കാരണം ശാരീരിക ക്ഷമതയില്ലായ്മയാണ്. സംസ്ഥാന സർക്കാർ കണക്കനുസരിച്ച് കേരളത്തിലെ നാല്പതു ശതമാനം വിദ്യാർഥികളും ഹീമോഗ്ലോബിൻ ലെവലിലെ വ്യത്യസ്തത കാരണം ഭാരം കൂടിയവരോ കുറഞ്ഞവരോ ആണ്. പെൺകുട്ടികളിൽ 92 ശതമാനത്തിനും ഹീമോഗ്ലോബിൻ ലെവൽ കുറവാണ്. ആർമി പോലെയുള്ള സംവിധാനങ്ങളിൽ ശാരീരിക യോഗ്യത നിർബന്ധമാണ്. പിന്നീട് അഞ്ചുദിവസം നീളുന്ന ഇന്റർവ്യൂകളിൽ ഗ്രൂപ്പ് ഡിസ്കഷനും മറ്റും ഉണ്ടാവും. അവിടെ ഇംഗ്ലീഷ് പ്രധാനമാണ്. അതാവാം നമ്മുടെ കുഞ്ഞുങ്ങൾ എൻഡിഎ പരീക്ഷയിലും ഒടിഎസ് പരീഷയിലും വിജയിക്കാത്തത്.
നമ്മുടെ സ്കൂളുകളിൽ പണ്ടുണ്ടായിരുന്ന പിടി പീരീഡ് ഇന്നില്ല. സ്കൂളുകൾ അതിനു പ്രധാന്യം കൊടുക്കുന്നില്ല. രക്ഷിതാക്കൾക്കാണെങ്കിൽ, കുട്ടി 24 മണിക്കൂറും പഠിച്ച് എ പ്ലസ് കൊണ്ടുവന്നാൽ മതി എന്ന വാശിയുള്ളപോലെയാണ്.
സ്പോർട്സ്കൊണ്ട് കുട്ടികൾക്ക് ആരോഗ്യവും അച്ചടക്കവും പരാജയത്തെ അഭിമുഖീകരിക്കാനുള്ള കഴിവും കിട്ടുന്നു എന്ന പ്രധാന കാര്യം അവർ മനസിലാക്കുന്നില്ല. ഈ കഴിവുകളാണ് ആർമി പോലെയുള്ള പരീക്ഷകളിൽ കുട്ടികളെ വിജയിപ്പിക്കുന്നത്.
കുട്ടികളുടെ വായനയില്ലായ്മയാണ് മറ്റൊരു പ്രധാന കാര്യം. ഓൾ ഇന്ത്യ ലെവലിലുള്ള മിക്ക പരീക്ഷയിലും പ്രധാനമായി ചോദിക്കുന്നത് പൊതുവിജ്ഞാനമാണ്. അതു പെട്ടെന്നു വികസിപ്പിച്ചെടുക്കാൻ കഴിയുന്ന ഒന്നല്ല. ചെറിയ ക്ലാസ് മുതൽ അതിനുള്ള തയാറെടുപ്പ് വേണം. രാജസ്ഥാനിലും യുപിയിലുമെല്ലാം ഇപ്പോൾ വായന സ്കൂൾ വിദ്യാർഥികൾക്ക് നിർബന്ധമാക്കിയിരിക്കുകയാണ്. നമ്മുടെ എത്ര കുട്ടികൾ പത്രമാസികകൾ വായിക്കുന്നുണ്ട്?
കാലത്തിനനുസരിച്ചുള്ള ബാലപ്രസിദ്ധീകരണങ്ങൾ അവർക്ക് വരുത്തി നല്കണം. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് അവരിഷ്ടപ്പെടുന്ന പുസ്തകങ്ങൾ വരുത്തി നല്കണം. അങ്ങനെ വായനാശീലവും ഭാഷാജ്ഞാനവും പൊതുവിജ്ഞാനവും അവർക്കുണ്ടാവട്ടെ! സ്കൂളുകളിൽ ലൈബ്രറി പിരീഡ് തുടങ്ങുകയും ആ സമയത്ത് എല്ലാ കുട്ടികളെയും നിർബന്ധമായും ലൈബ്രറിയിൽ കൊണ്ടുപോയി വായന ശീലിപ്പിക്കണം. ഒപ്പം, വായിക്കുന്ന പുസ്തകങ്ങളിന്മേൽ ചർച്ചകളും ചോദ്യോത്തര പരിപാടികളും ദൃശ്യാവിഷ്കാരങ്ങളും സംഘടിപ്പിക്കുകയും വേണം.
ഇതെല്ലാം നമ്മൾ ചെയ്താൽ മാത്രമേ നൂറുശതമാനം സാക്ഷരതയുള്ള കേരളത്തിലെ കുട്ടികൾക്ക് സൈനിക പരീക്ഷയിലും യുപിഎസ്സി, നിയമ,ശാസ്ത്ര, സാങ്കേതിക പരീക്ഷകളിലും ഉന്നത വിജയം നേടാൻ ആവൂ.